Saturday, April 17, 2010

മലമ്പുഴയില്‍ (പണ്ടൊരുനാള്‍)

സന്ധ്യയായ്, നഭസ്സിലെക്കുങ്കുമച്ചിത്രക്കൂട്ടില്‍
മറ്റൊരു ചായം പോലെന്‍ മനവും പടരുന്നൂ...
ദൂരെ, സഹ്യന്റെ സഖികള്‍,
കൊച്ചുമേഘത്തുണ്ടുകളോടെന്തോ കിന്നാരം മൊഴിയുന്നു...
സുഖദമാം തണുപ്പായി വന്നലയ്ക്കുന്നൂ, കാല്‍കളില്‍
നിള തന്‍ സ്വച്ഛാംബുതരംഗങ്ങള്‍.
ഹൃദ്യപുഷ്പഗന്ധമേറ്റിയെത്തിടും
മന്ദമാരുത,നെന്‍ ശ്വാസത്തില്‍ നിറയുന്നു.
നേര്‍ത്ത സൗഹൃദം പകരാന്‍ കിളികളും
കാറ്റുമീ മണല്‍ത്തട്ടില്‍ ചേക്കേറുന്നു.

(1995/൧൯൯൫, മലമ്പുഴ)

Sunday, March 28, 2010

മൂന്ന് മഴ രാഗങ്ങള്‍.

1. മേഘ്  - സ്നേഹം

മേഘ്...
ഘനസാന്ദ്രമായ ആ ശ്യാമമേഘങ്ങള്‍...
ഇരുണ്ട നിറത്തിനുള്ളില്‍ തണുപ്പ്.
പെയ്യാനൊരുങ്ങിനില്‍ക്കുന്ന സ്നേഹം.
വികാരങ്ങള്‍ പൊട്ടിച്ചിതറുന്ന മിന്നല്‍പ്പിണരുകള്‍.
ആകാശത്തു പടര്‍ന്നു പരന്ന്...,
ആലാപമായി,
വേഗത കൂടുന്ന മോഹങ്ങളില്‍,
ദ്രുതതാളം, ജലകണങ്ങളെ
പ്രകമ്പനം കൊള്ളിക്കുന്നു.
ഉറഞ്ഞ്, സ്നേഹം മാത്രം നിറച്ച തുള്ളികള്‍
വര്‍ഷമായിപ്പെയ്യുന്നു.
ആരോഹണങ്ങള്‍ രോമാഞ്ചമാകുന്നു.
അവരോഹണങ്ങള്‍, അനുഭൂതികള്‍.
മഴ, മേഘത്തിന്റെ സമ്മാനം.

2. മല്‍ഹാര്‍ : പ്രണയം
മല്‍ഹാര്‍...
താന്‍സെന്റെ കണ്ഠത്തില്‍നിന്ന്
മുകിലുകളായി മാനത്തെത്തിയ സ്വരങ്ങള്‍.
നേര്‍ത്തു പെയ്യുന്ന മഴ...,
വിരഹത്തിന്റെ ചൂടില്‍ പ്രണയത്തിന്റെ മഴ.
മേഘവും ഭൂമിയും
പ്രകൃതിയും ഞാനും ..,
ലയിച്ചുപാടുന്ന അനുഭവം.
ഹൃദയത്തില്‍ പെയ്യുന്ന മല്‍ഹാര്‍,
മൃദുസ്പര്‍ശത്താ,ലെന്നെ വിളിക്കുന്നു.
"ഈ മഴ ഒന്നുകൂടി നനയൂ...."


3. അമൃതവര്‍ഷിണി : കരുണ
വരളുന്ന തീരങ്ങള്‍ക്കുവേണ്ടി ഒരു പ്രാര്‍ത്ഥന.
അമൃതവര്‍ഷിണി.
മണ്ണിന്റെ അമൃതിനുവേണ്ടി,
വൃക്ഷങ്ങള്‍, കൈകളാകാശത്തേയ്ക്കുയര്‍ത്തി,
ഒരു പ്രാര്‍ത്ഥന.
ദേവീകൃപയുടെ വാതായനങ്ങള്‍
ആലാപത്തില്‍ തുറക്കുന്നു.
മേഘങ്ങള്‍ സ്വയം അലിഞ്ഞ്,
കാരുണ്യത്തിന്റെ മഹാവര്‍ഷം.
മണ്ണിലേയ്ക്ക് കിനിഞ്ഞിറങ്ങുന്ന അമൃതം...
പൊടിപ്പുകള്‍ ആവേശത്തോടെ
ഊറ്റിക്കുടിക്കുന്ന അമൃതം.
ഊഷരതീരങ്ങള്‍ ശാദ്വലമാകുമ്പോള്‍,
അമൃതവര്‍ഷിണീ, നീ മഹാനുഗ്രഹം!
കൃപ, കരുണ, വാത്സല്യം, അമ്മയും!


08-12-1998