Tuesday, June 4, 2013

അവര്‍


തുലാമഴ പെയ്തൊഴിഞ്ഞ ഒരു സായാഹ്നത്തില്‍,
പച്ചച്ച ചതുപ്പിന്റെ ഓരം പറ്റി,
അവര്‍ നില്‍പ്പുണ്ടായിരുന്നു,
അവരുടെ ചിറകുകള്‍ക്ക് വെളുപ്പുനിറമായിരുന്നു..,
നിര്‍മലമായ മനസ്സിന്റെ വെളുപ്പ്.
അവരുടെ ചുണ്ടുകള്‍ക്ക് വസന്തത്തിന്റെ നിറവും,
കണ്ണുകളില്‍ സന്തോഷത്തിന്റെ നിറവുമായിരുന്നു.
വരമ്പത്ത് പൂത്തുനിന്നത് അവരുടെ മോഹങ്ങളും
പച്ചത്തുള്ളന്മാരൊത്തു ചാടിക്കളിച്ചത്
അവരുടെ സ്വപ്നങ്ങളുമായിരുന്നു.
പാടത്ത് വറ്റാതെ കിടന്നത് അവരുടെ പ്രതീക്ഷകള്‍...,
വെള്ളത്തില്‍ തുള്ളികളിച്ചത് അവരുടെ വര്‍ത്തമാനവും,
ആകാശത്ത്  പരന്നുകിടന്നത് അവരുടെ ഭാവിയും,
മണ്ണിലേയ്ക്ക് കിനിഞ്ഞിറങ്ങിയത്  സ്നേഹത്തിന്റെ തുള്ളികളും.
അവര്‍ പറന്നപ്പോള്‍ വാനം പുളകം കൊള്ളുന്നത്,
അവരിറങ്ങുമ്പോള്‍ മണ്ണു നാണിക്കുന്നത്,
അവര്‍ കലമ്പുമ്പോള്‍ കാറ്റും പാടുന്നത്,
ഞാനറിയുന്നു.
എന്നിട്ടുമെന്തേ, എന്റെ കണ്‍കോണുകളില്‍
ഒരു നനവ്...?

10-11-1998., കോഴിക്കോട്.

മഴക്കാലം


മഴക്കാലം, വീണ്ടും,
വറുതിക്കോലങ്ങളുറഞ്ഞാടും മനസ്സില്‍-
ക്കവിത തന്‍ കനത്ത മേഘങ്ങള്‍!
ഉഗ്രവൈദ്യുതസ്പന്ദസീല്‍ക്കാരങ്ങള്‍
വരണ്ട മണ്ണിലാണ്ടുമരിച്ച പച്ചകള്‍ക്കേകീ
പുതിയ ജീവന്‍, നിമിഷചുംബനത്താലേ!
ഉള്ളിലൊരു കപടലോകം, നേരിന്റെ
വെള്ളപ്പാച്ചിലില്‍പ്പെട്ടു തകര്‍ന്നുപോയ്!
കാല്‍കള്‍, നനഞ്ഞ മണ്ണിലമരുമ്പോള്‍
ഭൂമിതന്‍ വാത്സല്യമെന്‍ നാഡികളേറ്റുവാങ്ങീ,
മാതൃഹൃത്താളമൊരുണര്‍ത്തുപാട്ടായ്!

(2007)

കള്ളസാക്ഷി


സത്യത്തിന്റെ കണ്ണുകളില്‍ സ്വാര്‍ത്ഥതയുടെ
മെഴുകുരുകിയൊലിക്കുന്നു.
കാട്ടിലെ പെണ്‍കുട്ടി നിശബ്ദം കരയുന്നത്,
അവളുടെ വിഹ്വലതകളില്‍ കാടുവിറയ്ക്കുന്നത്,
ഞാന്‍ അറിയുന്നു.
മണ്ണില്‍, തളര്‍ന്നുകിടന്ന് വള്ളിത്തൈകള്‍ കരയുമ്പോള്‍,
മരത്തില്‍, അധികാരത്തിന്റെ ഇത്തിള്‍ക്കണ്ണികള്‍
തളിര്‍ത്തു ചിരിയ്ക്കുന്നു.
അവിശ്വാസത്തിന്റെ ചെളിക്കുണ്ടില്‍
പ്രേമം ശ്വാസംമുട്ടി മരിക്കുന്നു.
ആത്മാവിന്റെ താഴ്വരകളില്‍,
കുറ്റബോധത്തിന്റെ കുറുക്കന്‍മാര്‍ ഓരിയിടുന്നു.
ഒന്നുമില്ലായ്മയിലേക്കുള്ള കുതിപ്പിനിടയില്‍
കൂട്ടുകാരനെ ചവിട്ടിമെതിക്കുന്ന ജീവിതാശ്വം.
തെരുവുകളില്‍ വഴക്കിടുന്നത്, പ്രകൃതിയ്ക്കു ഗണിതം
ചമയ്ക്കാനൊരുങ്ങുന്ന മൂഢര്‍.
കൂടപ്പിറപ്പിന്റെ കണ്‍കളില്‍ അലയുണര്‍ത്തുന്നത്
അധികാരത്തിന്റെ  കറുത്ത മദജലം.
ആഴികളില്‍ നിറയുന്നത് അന്ധകാരം.
രോമകൂപങ്ങളില്‍ നിന്നുയരുന്നത്,
രോഷത്തിന്റെ അഗ്നിക്കൊടുങ്കാറ്റ്.

(1998)

അഴിമുഖം



അഴിമുഖം ശാന്തമാണ്.
കുറച്ചുദൂരെ, കടല്‍ കരിങ്കല്‍ഭിത്തിയോട്
കലഹത്തിലാണ്.
തീക്ഷ്ണമായ കലഹം.
പക്ഷേ,
ഇവിടം ശാന്തമാണ്.
ദൂരെ, മലകളില്‍ നിന്നു തുള്ളിയെത്തുന്ന
പുഴയും ശാന്തയാണിവിടെ.
ഒരു സമാഗമത്തിന്റെ സന്തോഷാശ്രുക്കളുടെ
ഉപ്പുരസം..., ഒരു നിറവ്.

നോക്കൂ...,
കടലിവിടെ എത്ര സൗമ്യമായാണ്
പുഴയെ സ്വീകരിക്കുന്നത്!
പരകോടി അദ്ഭുതങ്ങളില്‍നിന്ന്
ഒരു നുള്ള് നമുക്കു നേരെ വാരിയെറിഞ്ഞ്,
കള്ളച്ചിരിയൊതുക്കുന്ന കടല്‍.
സ്വര്‍ണ്ണം ഉരുകിയൊലിക്കുന്ന തീരങ്ങള്‍.
കാതുകളില്‍ ഇക്കിളികൂട്ടുന്ന കാറ്റ്.
പൊഴിനിറച്ചും സ്നേഹത്തിന്റെ തിരകള്‍.
ചുറ്റും ശാന്തിയുടെ സംഗീതം.
അഴിമുഖം ശാന്തം.

(1998-99, കൊളാവിപ്പാലം, പയ്യോളി)

താഴ്വരകള്‍ പറഞ്ഞത്.




1. ദുഃഖത്തിന്റെ താഴ്വര.

ഇവിടെ,
ഈ പുല്‍മെത്തയില്‍ നീയിരിക്കുക.
ഈ തുഷാരകണങ്ങള്‍, വൈകിവന്ന ശരദ്മേഘമെനിക്കു
സമ്മാനിച്ചതാണ്.
ഞാനവ നിനക്കു നല്‍കാം.
അവര്‍, ദുഃഖമെന്തെന്നറിയാത്തവര്‍
എന്നെ ദുഃഖത്തിന്റെ താഴ്വരയെന്നുവിളിച്ചു.
ഈ പുല്‍ക്കൊടികളോടു നീ കിന്നാരം പറയുക.
പകരം നിന്റെ ദുഃഖങ്ങള്‍ -എന്നിലേക്കു പറന്നുവരുന്ന
ആ കരിയിലകള്‍ - ഞാനെടുക്കാം.
എന്നിലേക്കു താഴുന്ന മരക്കൊമ്പുകളില്‍
പൂക്കുന്ന പ്രതീക്ഷ നിനക്കുള്ളതാണ്.
പകരം നിശബ്ദത, പിന്നെ സ്നേഹവും...
ഓര്‍മ്മക്കുറിപ്പുകളില്‍
നിഴല്‍ പോലെ ഒരിടം...
അത്രമാത്രം.

2. അസ്തമയത്തിന്റെ താഴ്വര.

നീ മാത്രം എന്നെ അങ്ങനെ വിളിച്ചു.
"അസ്തമയത്തിന്റെ താഴ്വര"
പ്രണയത്തിന്റെ അര്‍ത്ഥമറിയാത്ത
പൊട്ടിച്ചിരികളും സീല്‍ക്കാരങ്ങളും
എന്നെ തളര്‍ത്തിയിരുന്നു.
നീ വന്നു, എന്റെ മടിത്തട്ടില്‍.
മൗനത്തിന്റെ സംഗീതം നമ്മെപ്പൊതിഞ്ഞു.
പുല്‍ക്കൊടികള്‍ക്ക് സ്വര്‍ണ്ണനിറം വരുന്നത്,
നാമൊരുമിച്ചു കണ്ടു.
അസ്തമയങ്ങള്‍ നെഞ്ചിലേറ്റുമ്പോഴും
ഉദയത്തിന്റെ പ്രതീക്ഷ, എന്നില്‍ പൂത്തിരുന്നു.

(1998, കോഴിക്കോട്, ചാത്തമംഗലം, R.E.C)

Saturday, April 17, 2010

മലമ്പുഴയില്‍ (പണ്ടൊരുനാള്‍)

സന്ധ്യയായ്, നഭസ്സിലെക്കുങ്കുമച്ചിത്രക്കൂട്ടില്‍
മറ്റൊരു ചായം പോലെന്‍ മനവും പടരുന്നൂ...
ദൂരെ, സഹ്യന്റെ സഖികള്‍,
കൊച്ചുമേഘത്തുണ്ടുകളോടെന്തോ കിന്നാരം മൊഴിയുന്നു...
സുഖദമാം തണുപ്പായി വന്നലയ്ക്കുന്നൂ, കാല്‍കളില്‍
നിള തന്‍ സ്വച്ഛാംബുതരംഗങ്ങള്‍.
ഹൃദ്യപുഷ്പഗന്ധമേറ്റിയെത്തിടും
മന്ദമാരുത,നെന്‍ ശ്വാസത്തില്‍ നിറയുന്നു.
നേര്‍ത്ത സൗഹൃദം പകരാന്‍ കിളികളും
കാറ്റുമീ മണല്‍ത്തട്ടില്‍ ചേക്കേറുന്നു.

(1995/൧൯൯൫, മലമ്പുഴ)

Sunday, March 28, 2010

മൂന്ന് മഴ രാഗങ്ങള്‍.

1. മേഘ്  - സ്നേഹം

മേഘ്...
ഘനസാന്ദ്രമായ ആ ശ്യാമമേഘങ്ങള്‍...
ഇരുണ്ട നിറത്തിനുള്ളില്‍ തണുപ്പ്.
പെയ്യാനൊരുങ്ങിനില്‍ക്കുന്ന സ്നേഹം.
വികാരങ്ങള്‍ പൊട്ടിച്ചിതറുന്ന മിന്നല്‍പ്പിണരുകള്‍.
ആകാശത്തു പടര്‍ന്നു പരന്ന്...,
ആലാപമായി,
വേഗത കൂടുന്ന മോഹങ്ങളില്‍,
ദ്രുതതാളം, ജലകണങ്ങളെ
പ്രകമ്പനം കൊള്ളിക്കുന്നു.
ഉറഞ്ഞ്, സ്നേഹം മാത്രം നിറച്ച തുള്ളികള്‍
വര്‍ഷമായിപ്പെയ്യുന്നു.
ആരോഹണങ്ങള്‍ രോമാഞ്ചമാകുന്നു.
അവരോഹണങ്ങള്‍, അനുഭൂതികള്‍.
മഴ, മേഘത്തിന്റെ സമ്മാനം.

2. മല്‍ഹാര്‍ : പ്രണയം
മല്‍ഹാര്‍...
താന്‍സെന്റെ കണ്ഠത്തില്‍നിന്ന്
മുകിലുകളായി മാനത്തെത്തിയ സ്വരങ്ങള്‍.
നേര്‍ത്തു പെയ്യുന്ന മഴ...,
വിരഹത്തിന്റെ ചൂടില്‍ പ്രണയത്തിന്റെ മഴ.
മേഘവും ഭൂമിയും
പ്രകൃതിയും ഞാനും ..,
ലയിച്ചുപാടുന്ന അനുഭവം.
ഹൃദയത്തില്‍ പെയ്യുന്ന മല്‍ഹാര്‍,
മൃദുസ്പര്‍ശത്താ,ലെന്നെ വിളിക്കുന്നു.
"ഈ മഴ ഒന്നുകൂടി നനയൂ...."


3. അമൃതവര്‍ഷിണി : കരുണ
വരളുന്ന തീരങ്ങള്‍ക്കുവേണ്ടി ഒരു പ്രാര്‍ത്ഥന.
അമൃതവര്‍ഷിണി.
മണ്ണിന്റെ അമൃതിനുവേണ്ടി,
വൃക്ഷങ്ങള്‍, കൈകളാകാശത്തേയ്ക്കുയര്‍ത്തി,
ഒരു പ്രാര്‍ത്ഥന.
ദേവീകൃപയുടെ വാതായനങ്ങള്‍
ആലാപത്തില്‍ തുറക്കുന്നു.
മേഘങ്ങള്‍ സ്വയം അലിഞ്ഞ്,
കാരുണ്യത്തിന്റെ മഹാവര്‍ഷം.
മണ്ണിലേയ്ക്ക് കിനിഞ്ഞിറങ്ങുന്ന അമൃതം...
പൊടിപ്പുകള്‍ ആവേശത്തോടെ
ഊറ്റിക്കുടിക്കുന്ന അമൃതം.
ഊഷരതീരങ്ങള്‍ ശാദ്വലമാകുമ്പോള്‍,
അമൃതവര്‍ഷിണീ, നീ മഹാനുഗ്രഹം!
കൃപ, കരുണ, വാത്സല്യം, അമ്മയും!


08-12-1998