Friday, August 21, 2009

നിര്‍മ്മലമായ സ്നേഹം

നിര്‍മ്മലമായ സ്നേഹം എന്താണ്
കവികള്‍ അതിനെ
തെളിനീരൊഴുകുന്ന അരുവിയായും
നീല പടര്‍ന്നുകിടക്കുന്ന ആകാശമായും
കൊക്കുരുമ്മുന്ന ഇണക്കിളികളായും
സങ്കല്‍പ്പിച്ചേക്കാം.
അത്,
മുലപ്പാല്‍ പോലെ സ്വാദുറ്റതും
കണ്ണീര്‍പോലെ തെളിഞ്ഞതും ആകാം.
സൂര്യനെപ്പോലെ പ്രകാശിക്കുന്നതും
പൂവിനെപ്പോലെ ചിരിയ്ക്കുന്നതും ആകാം.

നിര്‍മ്മലമായ സ്നേഹം എന്താണ്?
ജനിതകശാസ്ത്രജ്ഞന്, താന്‍ ക്ലോണ്‍ ചെയ്തെടുത്ത
ആട്ടിന്‍കുട്ടിയോട് അതുണ്ടാകുമോ?
ഇലയറുത്ത് നദിയിലേയ്ക്കിട്ട് ഉറുമ്പിനെ രക്ഷിച്ച
പ്രാവിന് അതറിയാം, ഒരുപക്ഷേ...?
ശില്‍പ്പിയുടെ ശിരച്ഛേദം നടത്തി പ്രണയിനിയ്ക്ക്
ശവകുടീരം തീര്‍ത്ത ഷാജഹാന്, പക്ഷേ
അതറിയാന്‍ വഴിയില്ല!
പ്രിയതമയുടെ ശിരസ്സുകണ്ട് പോര്‍ക്കളത്തിലിറങ്ങിയ
രജപുത്രന്...?
നിര്‍മ്മലമായ സ്നേഹം...,
അത്,
അമ്മക്കിളിയുടെ കൊക്കുകളിലൂടെ
ഊറിയിറങ്ങുന്നതോ?
മഴുവിനു മുന്നില്‍ മരത്തെ പുണരുന്നതോ?
സൂര്യതാപമേറ്റ് മഞ്ഞുരുകുന്നതു പോലെ
അതുള്ളിടത്ത് വിഷാദം ഇല്ലാതാകുമോ?
നിഷ്ക്കളങ്കനല്ലാത്ത എനിയ്ക്കുതെങ്ങനെ
നിര്‍വ്വചിയ്ക്കാനാകും?

(൧൯൯൯/1999)

നിറങ്ങള്‍

പച്ച.
നിറഞ്ഞ സ്നേഹമാണ്,
കണ്ണുകള്‍ക്കു കുളിരും
മനസ്സിനു നിറവിന്റെ നിശബ്ദതയും...
മെല്ലെപ്പടരുന്ന സാന്ത്വനത്തിന്റെ തണുപ്പ്.

ചെമപ്പ്.
പച്ചയ്ക്കു പൂരകം.
പതഞ്ഞുയരുന്ന രോഷമാണെനിക്ക്, ചെമപ്പ്.
വിശപ്പിന്റെ അഗ്നി,
വേനലിന്റെ ചൂട്...

നീല.
അനന്തതയുടെ അറിവ്...
അലയിളക്കുന്ന പ്രേമം.
സ്നേഹാര്‍ദ്രനാകുന്ന എന്റെ ഹൃദയത്തില്‍,
നീല.

മഞ്ഞ.
കൊഴിയുന്ന മോഹങ്ങളുടെയും
വിരിയുന്ന വസന്തത്തിന്റെയും തുടുപ്പ്...!
പ്രതീക്ഷ, വിഷാദവും!

കറുപ്പ്.

രാത്രിയുടെ നിഷ്ക്കളങ്കത.
എല്ലാം അടക്കുന്ന കിതപ്പ്.
വെളിച്ചത്തിനുള്ള ദാഹം.
കാമത്തിന്റെ പതര്‍ച്ച.

വെളുപ്പ്.
സ്നിഗ്ദ്ധമായ സൗന്ദര്യം...
നിര്‍മ്മലം, പക്ഷേ,
മുഖംമൂടികള്‍ക്കുമിതേ നിറം!

(൧൯൯൮/1998)