Saturday, October 17, 2009

ഇനിയെന്ത് പ്രതീക്ഷ ...?

ഉണങ്ങിയ ആ മരത്തിന്റെ ഒരു ചില്ലയില്‍
ഒറ്റപ്പെട്ട ഒരു പച്ചിലപോലെ ഒരു കിളി.
വിഷാദം ബാധിച്ച ഒരു തവിട്ടുനിറം
അതിന്റെ കഴുത്തില്‍ പടര്‍ന്നുകിടന്നിരുന്നു...
താഴെ, ചരല്‍മണ്ണില്‍ ചിതറിക്കിടക്കുന്ന
നാരുകളിലേക്കു നോക്കി,
കണ്‍കളില്‍ നിരാലംബഭാവവുമായി ആ കിളി...
മരത്തിന്റെ നെഞ്ചില്‍ മഞ്ഞച്ചായവും,
അതിനുമേല്‍ കറുത്ത വരകളും...
വരാന്‍പോകുന്നതിനെക്കുറിച്ചാലോചിച്ചാവാം,
തലയൊന്നുവെട്ടിച്ച്, കിളി ഒന്നനങ്ങി.
ദൂരെ, മരത്തെയും കിളിയെയും നോക്കി
നിര്‍വ്വികാരനായി നില്‍ക്കുന്ന എന്നെ
പുച്ഛത്തില്‍ ഒന്നു നോക്കിയിട്ട്
അത് തിടുക്കത്തില്‍ പറന്നുപോയി.

(അതിരപ്പള്ളി, 1999)

Saturday, October 10, 2009

"കൊലാറ്റെറല്‍ ഡാമേജ്"

ബോംബുകള്‍ തകര്‍ത്ത വീടുകള്‍ക്കിടയില്‍,
ആദ്യമായി പിച്ചവയ്ക്കുന്നതിന്മുമ്പ് കാലുകള്‍ നഷ്ടപ്പെട്ട
ഒരു കുഞ്ഞ് ...
മുലപ്പാല്‍ തേടുന്ന ചുണ്ടുകളില്‍
അമ്മയുടെ രക്തം പുരണ്ടിരിക്കുന്നുവോ ...?
അച്ഛന്റെ സ്വാതന്ത്ര്യം മരിച്ചതിന്റെ
കയ്പുപടര്‍ന്നിരിക്കുന്നുവോ...?
തന്നെ കാത്തിരിക്കുന്ന ജീവിത (നരക)ത്തിനും,
മരണത്തിനും ഇടയ്ക്,
ഭയചകിതമായ രണ്ടു മിഴികള്‍...
കുഞ്ഞുരസനയില്‍, പറഞ്ഞറിയിക്കാനാവാത്ത
പ്രതിഷേധത്തിന്റെ കനല്‍വാക്കുകള്‍...
"കൊലാറ്ററല്‍ ഡാമേജി"ന്റെ ഇരമ്പത്തെ
പുച്ഛിച്ചുകൊണ്ട്, കാതുകളില്‍
പ്രകമ്പനമാകുന്ന ഞരക്കം...
മൌനമായെങ്കിലും ഒരു ചോദ്യമുയരുന്നു...
ജീവന്റെ വില നിശ്ചയിക്കുന്നതാരാണ്...?
ജനീവയിലെ പ്രാവുകളോ...?
അതോ വാഷിംഗ്ടണിലെ കഴുകനോ...?
അധര്‍മം കണ്ട കാപട്യക്കാര്‍, ഞങ്ങളുടെ രക്തം
തിളച്ച് തിളച്ച്, ആവിയായിപ്പോയിരിക്കുന്നു, കുഞ്ഞേ ...
"സമാധാനം", സാവധാനം രൂപപരിണാമം സംഭവിച്ച്
വെറുമൊരു "സാധന"വും, പിന്നെ "ധന"വും,
ധനത്താല്‍ വാങ്ങുന്ന ആയുധവും
ആകുന്ന ആധുനികതയിത്...
മരിച്ച നാം ജീവിയ്ക്കുവാന്‍ നൂറ്റാണ്ടുകള്‍ക്കു പിന്നോട്ടുപോകുക.

(ഒരു പലസ്തീന്‍ യുദ്ധകാലത്ത് ...)

Saturday, October 3, 2009

ഓര്‍മ്മകള്‍

1.

എന്റെ ഓര്‍മ്മകളില്‍...,
തണല്‍ക്കുട നിവര്‍ത്തിനില്‍ക്കുന്ന ഒരാല്‍മരം...,
-ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത ഒരാല്‍മരം...!
കുങ്കുമം കലര്‍ന്ന ഒരു സന്ധ്യയുടെ തുടുപ്പ് ...
-ഞാനനുഭവിച്ചിട്ടില്ലാത്ത ഒരനുഭൂതി...
എന്റെ വിരല്‍പ്പാടുകള്‍ പതിഞ്ഞ,
നനഞ്ഞ ഒരു മണല്‍ത്തട്ട്...,
ഞാനുണ്ടാക്കാത്ത ഒരു മണ്‍വീട്...!
ശാന്തയായൊഴുകുന്ന ഒരു പുഴ..,
-ഞാന്‍ അറിയാത്ത ഒരു പുഴ..!
തണുപ്പു പടര്‍ന്നുകിടക്കുന്ന ഒരു കാവ്,
ഞാനൂയലാടാത്ത വള്ളികള്‍..!
ചെരാതുകളാല്‍ പ്രശോഭിതമായ ഒരമ്പലം..,
ഞാന്‍ നേടിയിട്ടില്ലാത്ത വരപ്രസാദം.
ആമ്പല്‍പ്പൂക്കളുടെ വശ്യതയുമായി ഒരു തീര്‍ത്ഥം...,
ഞാന്‍ നീന്തിത്തുടിക്കാത്ത ഒരമ്പലക്കുളം.
എന്റെ ഓര്‍മ്മകള്‍..,
എന്റെ സ്വപ്നങ്ങള്‍..., അയഥാര്‍ത്ഥങ്ങള്‍.

2.

എന്റെ വര്‍ത്തമാനം...
മുറിച്ചുമാറ്റപ്പെട്ട ഒരു മരത്തിന്റെ വേരുകള്‍...,
ചോര പൊടിയുന്ന എന്റെ മനസ്സ്.
ഞാനെന്നും കാണുന്ന, അഴുക്കു നിറഞ്ഞ ഒരു നഗരം...
അസ്തമയത്തെ മറയ്ക്കുന്ന പുകച്ചുരുളുകള്‍...,
എന്റെ സ്വപ്നങ്ങളുടെ കബന്ധങ്ങള്‍ക്കുമീതെ
നിര്‍ദ്ദയം നില്‍ക്കുന്ന പുകക്കുഴലുകള്‍...
ഒഴുകാന്‍ അറിയാത്ത ഒരു നീര്‍ച്ചാല്...,
വിഷം തളംകെട്ടിയ അതിന്റെ വിഷാദങ്ങള്‍...
നഗരത്തിലേയ്ക്ക് ചീറിപ്പായുന്ന,
നനഞ്ഞ മണല്‍ കയറ്റിയ ലോറികള്‍.
എന്റെ മോഹങ്ങളുടെ കാല്‍ക്കീഴില്‍നിന്നും
മണ്ണിടിച്ചെടുക്കുന്ന ലോഹശക്തികള്‍..,
കൊടുംചൂടില്‍ വാടിനില്‍ക്കുന്ന ഒരു തുമ്പ...,
തകര്‍ന്നുകിടക്കുന്ന നാഗശില്പങ്ങള്‍...
വൈദ്യുതാഘോഷങ്ങള്‍ തിമിര്‍ക്കുന്ന ഒരമ്പലപ്പറമ്പ് ...,
എന്റെ സ്വപ്നങ്ങളുടെ ശവപ്പറമ്പ്.

..............

തിരിച്ചുപോകട്ടെ, ഞാനെന്റെ സ്വപ്നലോകത്തിലേയ്ക്ക്,
ഇടമവിടെയുണ്ടെങ്കില്‍.

(ഓര്‍മ്മകളെങ്കിലും ആകാന്‍ ആഗ്രഹിച്ച ചില പഴയ സ്വപ്‌നങ്ങള്‍ - 1998-1999)

Wednesday, September 30, 2009

തിരിച്ചുവരുമ്പോള്‍...

തിരിച്ചുവരുമ്പോള്‍

കണ്‍കളില്‍, നേര്‍ത്തുപടര്‍ന്നൊരു
തിമിരം പച്ചപ്പിന്‍ കാഴ്ചകള്‍ മറയ്ക്കവെ,
കാതുകള്‍, യന്ത്രശബ്ദങ്ങള്‍ക്കിടയില്‍ ഞെരുങ്ങിയ
സംഗീതമറിയാതെയാകവെ,
നാവുറക്കെ പ്രാര്‍ത്ഥന ചൊല്ലാനറിയാതെ
മരവിച്ചു, വായില്‍ത്തളര്‍ന്നുകിടക്കവെ,
കാല്‍കള്‍, നനുത്ത നാട്ടുവഴികള്‍തന്‍
സാന്ത്വനം വിട്ടു തീപ്പാതകള്‍ തേടവെ,
പൂവിന്‍കുരുന്നുകളെ,ന്റെയീകൈകളില്‍
ശ്വാസം കുരുങ്ങിപ്പിടഞ്ഞു മരിയ്ക്കവെ,
മനസ്സിലൊരാത്മഹത്യാമുനമ്പില്‍,
നിശ്ചേതനായ് നില്‍ക്കെ, ഒരു രവം!
ഒരു മന്ദ്രസംഗീതസുസ്വനം, പിന്നിലുയരുന്നു...

"വരിക, തിരിച്ചു നീ, ജീവിയ്ക്കുവാന്‍!",
പിറകില്‍ വിളിക്കുന്നൊരിയ്ക്കല്‍ ഞാന്‍ കണ്ടു-
മറന്ന രാക്കിനാക്കള്‍,പറയുന്നൊ-
"രുനാളില്‍ ഞങ്ങള്‍ സഫലമാകും...!"
നിലാവിന്‍ കുളിരു പുതച്ച നാട്ടുവഴിയിലൂടൊറ്റയ്ക്കു
മെല്ലെ നടക്കുന്ന നേരം,
ഇലകളില്‍, മദഗന്ധമുണരുന്ന രാപ്പൂക്കളില്‍,
തുളുമ്പിക്കിടക്കുന്ന, (പണ്ടു ഞാനെവിടെയോ
കളഞ്ഞെന്നു കരുതിയ)
കവിതയുടെ വരികളുമെന്നോടു ചൊല്ലുന്നു,
"വരിക, തിരികെ നീ ജീവിയ്ക്കുവാന്‍!"

കനവിന്നിളം തണ്ടുകളില്‍ മധുവുണ്ടു
മത്തരായ് മയങ്ങുന്ന ചിത്രശലഭങ്ങള്‍
ഞെട്ടിയുണര്‍ന്നു പറയുന്നു "വരിക,
തിരികെ നീ ജീവിയ്ക്കുവാന്‍!"

ഓര്‍മ്മകളിലെങ്ങോ, ഒരുത്സവരാത്രിയില്‍
പ്പതിയെ, നിലാവൂറ്റി മധുവാക്കി,യെന്നെ മയക്കിയ
കഥകളിപ്പദവും വിളിക്കുന്നു, "വരികെ,ത്തിരിച്ചു നീ
ജീവിയ്ക്കുവാന്‍!"

നടന്നുമറഞ്ഞൊരു കാട്ടുവഴിയ്ക്കിടം ചേര്‍ന്നുനിന്നൊരു
മുളന്തണ്ടില്‍ക്കാറ്റൂതിയ രാഗമെന്‍ നെഞ്ചൂരുക്കി-
ക്കേഴുന്നു, "വരികിവിടേയ്ക്കു നീ ജീവിയ്ക്കുവാന്‍!"
പാതിതകര്‍ന്ന മണല്‍വീട്,
തീരത്തിലാലസ്യമാര്‍ന്നു കിടക്കുന്ന തോണി,
ഹൃദയത്തില്‍ രക്തമലയ്ക്കുന്ന പോലെ കടല്‍,
എല്ലാം, ഒരേ താളത്തിലാര്‍ദ്രമായ് ച്ചൊല്ലുന്നു, "വരിക നീ!"

(൨൦൦൮/2008 ..Life is calling എന്ന ഒരു പരസ്യം).

Saturday, September 19, 2009

നഗരത്തിലെ മൂങ്ങ

നഗരത്തിലെ മൂങ്ങ.

ടൗണ്‍ഹാളിന്റെ കൂരയ്ക്ക് ഒരു കോണില്‍
കഷ്ടപ്പെട്ടുണ്ടാക്കിയ ഒരു കൂട്ടില്‍ നിന്ന്
കുടിയൊഴിപ്പിക്കപ്പെട്ടു.
ശതാബ്ദിയാഘോഷിച്ചപ്പോഴേക്കും
വെള്ളം കലര്‍ന്ന ചെമപ്പിന്റെയും
പുതിയ ഖദറിന്റെയും ആക്രോശങ്ങള്‍ കേട്ട്
തകര്‍ന്നുപോയ ഒരു കൂര.
പുരോഗമനസാഹിത്യവും യുവജനോത്സവങ്ങളും
തകര്‍ച്ച പൂര്‍ണ്ണമാക്കിയെന്നേ ഉള്ളൂ.
സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കൊപ്പം
ടൗണ്‍ഹാളിനും ഒരഴിച്ചുപണി.
പകലിന്റെ വെളിച്ചം കണ്ണുകള്‍ക്ക്
താങ്ങാതായപ്പോള്‍ എത്തിപ്പെട്ടത്
എതോ ഒരു വിവരദോഷിയായ നഗരവാസിയുടെ കൈയില്‍.
"അത്യപൂര്‍വ്വ" മൂങ്ങയെന്നു പറഞ്ഞ്
പത്രക്കാര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
മുന്നും പിന്നും നോക്കാത്ത
പത്രശാസ്ത്രജ്ഞന്മാര്‍ക്ക്‌ പിന്നെ എന്തുവേണം!
ഫോട്ടോയ്ക്കു വഴങ്ങാന്‍ ചിറകുകളില്‍ ബലമായിപ്പിടിച്ച്...
പിന്നെ, സംരക്ഷണം ഉറപ്പുവരുത്താന്‍
മൃഗശാലയിലെ ബലമുള്ള കൂട്ടിലേയ്ക്ക്...

(വര്‍ഷങ്ങള്‍ക്കു മുന്‍പ്‌, വി. ജെ . ടി. ഹാളിന്റെ പുനരുദ്ധാരണ സമയത്ത്‌...)

Friday, September 18, 2009

?

എത്ര പൊക്കത്തില്‍ നാം മതിലുകള്‍ കെട്ടും?
എത്രയാഴത്തില,സ്തിവാരങ്ങള്‍...?
എന്റെ,യതിരുകളില്‍ നിന്നു വീശും കുളിര്‍-
കാറ്റെ, ത്തടുക്കുവതെങ്ങനെ ഞാന്‍...?
"എന്റെ" മണ്ണില്‍ നിന്നുറവ പൊട്ടുന്ന
തെളിനീരൊഴുക്കം ഞാനെങ്ങനെ തടയും...?

Monday, September 14, 2009

വസന്തത്തിന്റെ നിറഭേദങ്ങള്‍.

1. അന്ന്.
ഇവിടെ വസന്തമായിരുന്നു.
പൊലിയുന്ന സ്വപ്നങ്ങളില്ലാത്ത,
യൗവനത്തിന്റെ, നിറവാര്‍ന്ന വസന്തം.
സംഗീതത്തിന്റെ അനുഭവം പടര്‍ന്നുകിടന്നിരുന്ന
പകലുകള്‍.
തീവ്രമായ അനുരാഗം പോലുള്ള
മധ്യാഹ്നങ്ങള്‍.
തണുവുള്ള സ്നേഹമായി സന്ധ്യകള്‍.
പ്രതീക്ഷയുടെ പുഷ്പങ്ങള്‍ പേറിയ വൃക്ഷങ്ങള്‍.

2. ഇന്ന്.
ഇവിടെ കേള്‍ക്കുന്നത് മരണത്തിന്റെ നേര്‍ത്ത
കാലടിശബ്ദം.
ശ്വാസകോശങ്ങളില്‍ നിറയുന്നത്
നവപുഷ്പസുഗന്ധമല്ല,
ഗന്ധകത്തിന്റെ വിഷധൂളികള്‍.
വൃക്ഷങ്ങളില്‍ മരണത്തിന്റെ കറുത്ത പൂക്കള്‍.
വിഷമേഘങ്ങള്‍ അമ്ലമഴപെയ്യുമ്പോള്‍,
തിരിച്ചറിയുന്നു സുഹൃത്തേ,
നാം വിശ്വസിച്ചിരുന്നതെല്ലാം തെറ്റ്!
നാം ചെയ്തുകൂട്ടിയതെല്ലാം തെറ്റ്!
കാല്‍ക്കീഴിലെ മണ്ണു കോരിയെടുത്തപ്പോള്‍,
ആത്മാവിന്റെ വേരുകളെ വെട്ടിമാറ്റിയപ്പോള്‍, ജീവന്റെ
കിണറില്‍ വിഷം കലക്കിയപ്പോള്‍,
സ്വന്തം പൊക്കിള്‍ക്കൊടി സ്പന്ദിച്ചത്...
എന്തിനെന്ന് തിരിച്ചറിയുന്നു...
പക്ഷേ, വൈകിപ്പോയിരിക്കുന്നു.

10-2-1998. കോഴിക്കോട്‌, മാവൂര്‍

Friday, September 11, 2009

മതിലുകള്‍

കാഴ്ചകള്‍ മറയ്ക്കുന്നൂ.., മതിലുകള്‍,
ഹൃത്തില്‍ നിറയ്ക്കുന്നൂ, മുറിവുകള്‍...
പുതിയ കരിങ്കല്‍ക്കെട്ടുകള്‍ക്കപ്പുറം, പച്ച തന്‍
തണുപ്പിയന്നൊരു പാടമുണ്ട്, മഴ
പെയ്തുനിറച്ച വലിയ തണ്ണീര്‍ക്കുടം!
പാടത്ത്, നീരിന്‍ മഹാഭാഗ്യം കനിയാന്‍
തപം ചെയ്ത കൊറ്റികള്‍.
മഴയ്ക്കു താളം പകരുന്ന തവളക്കുഞ്ഞന്‍മാര്‍.
നീലപ്പട്ടുടുത്ത്, മരക്കൊമ്പൊന്നില്‍,
ചിന്തയാല്‍ ചിരിയ്ക്കുന്ന പൊന്മയുണ്ട്.
പൂക്കള്‍, പേരറിയാത്ത വര്‍ണ്ണങ്ങളില്‍
മുഖം പൂഴ്ത്തിച്ചിരിച്ചുനില്‍പ്പുണ്ട്...,
പൂക്കള്‍ വിരിയുവാന്‍, തേന്‍ കിനിയുവാന്‍,
പ്രാര്‍ത്ഥന നടത്തുന്ന പുല്‍ച്ചാടികള്‍...,
മതിലുകളെല്ലാം മറയ്ക്കുന്നുവെങ്കിലും
അകക്കണ്‍കളില്‍ മങ്ങാതെ നില്‍ക്കുമീ
നിത്യവിസ്മയങ്ങള്‍.


(1998, ചാത്തമംഗലം പന്ത്രണ്ടാം മൈലില്‍ നിന്നും ആര്‍. ഇ. സി ഹോസ്റ്റലിലേയ്ക്കുള്ള വഴി, രണ്ടുവശവും ചതുപ്പിന്റെ പച്ചപ്പ്, മഴക്കാലത്ത് ആ വഴിയുള്ള നടപ്പ് ഒരു സുഖം. പക്ഷേ, വികസനം, വഴികളും മനസ്സുകളും അടച്ചതും അക്കാലത്തു തന്നെ. 'വലിയ' കാര്യങ്ങള്‍ക്കിടയ്ക്ക് നമ്മെപ്പോലുള്ളവരുടെ 'ചെറിയ' മോഹഭംഗങ്ങള്‍ക്കെന്തു പ്രസക്തി?)

Monday, September 7, 2009

സ്വപ്നം

ഒരു സ്വപ്നം...
സുന്ദരമായൊരു പൂവിന്റെ മൃദുദളങ്ങള്‍ക്കിടയ്ക്ക്,
ഞാന്‍ സുഖസുഷുപ്തിയിലായിരുന്നു.
ആ പൂവിന്റെ സുഗന്ധം, എന്റെ ശ്വാസത്തില്‍
ജീവന്റെ മണം പോലെ ഉറഞ്ഞിരുന്നു...
ഒരു പ്രകൃതിസ്പന്ദനം എന്റെ ഹൃദയത്തുടിയായി
മുഴങ്ങിയിരുന്നു...
ഒരു പൂങ്കുയിലിന്റെ നാദം,
ഒരു കാട്ടരുവിയുടെ കളാരവം,
എന്റെ കാതുകളില്‍ തേന്‍പോലെ ഒഴുകിയിരുന്നു..
എന്റെ കണ്ണുകളില്‍ നിറയെ
പച്ചയുടെ സാന്ത്വനമായിരുന്നു...
ഞാന്‍ നടക്കുകയായിരുന്നു...,
ഏതോ സ്വപ്നാടനത്തിലെന്നപോലെ!
എന്നെപ്പൊതിഞ്ഞ്, സ്നേഹത്തിന്റെ തണുപ്പ്!
കരിയിലകളില്‍ എന്റെ കാല്‍പ്പെരുമാറ്റം മാത്രം
ഒരപശ്രുതിപോലെ.
പെട്ടെന്നുണ്ടായ ഒരു കാറ്റ്, ഏതോ മുളന്തണ്ടിലൂതിയ
രാഗത്തിന്റെ ആനന്ദമൂര്‍ഛയില്‍
ഞാനുണര്‍ന്നു.
അപ്പോള്‍, ഞാനെന്റെ സ്വപ്നത്തിന്റെ നടുവിലായിരുന്നു...,
ഒരു കാട്ടില്‍...!

Friday, August 21, 2009

നിര്‍മ്മലമായ സ്നേഹം

നിര്‍മ്മലമായ സ്നേഹം എന്താണ്
കവികള്‍ അതിനെ
തെളിനീരൊഴുകുന്ന അരുവിയായും
നീല പടര്‍ന്നുകിടക്കുന്ന ആകാശമായും
കൊക്കുരുമ്മുന്ന ഇണക്കിളികളായും
സങ്കല്‍പ്പിച്ചേക്കാം.
അത്,
മുലപ്പാല്‍ പോലെ സ്വാദുറ്റതും
കണ്ണീര്‍പോലെ തെളിഞ്ഞതും ആകാം.
സൂര്യനെപ്പോലെ പ്രകാശിക്കുന്നതും
പൂവിനെപ്പോലെ ചിരിയ്ക്കുന്നതും ആകാം.

നിര്‍മ്മലമായ സ്നേഹം എന്താണ്?
ജനിതകശാസ്ത്രജ്ഞന്, താന്‍ ക്ലോണ്‍ ചെയ്തെടുത്ത
ആട്ടിന്‍കുട്ടിയോട് അതുണ്ടാകുമോ?
ഇലയറുത്ത് നദിയിലേയ്ക്കിട്ട് ഉറുമ്പിനെ രക്ഷിച്ച
പ്രാവിന് അതറിയാം, ഒരുപക്ഷേ...?
ശില്‍പ്പിയുടെ ശിരച്ഛേദം നടത്തി പ്രണയിനിയ്ക്ക്
ശവകുടീരം തീര്‍ത്ത ഷാജഹാന്, പക്ഷേ
അതറിയാന്‍ വഴിയില്ല!
പ്രിയതമയുടെ ശിരസ്സുകണ്ട് പോര്‍ക്കളത്തിലിറങ്ങിയ
രജപുത്രന്...?
നിര്‍മ്മലമായ സ്നേഹം...,
അത്,
അമ്മക്കിളിയുടെ കൊക്കുകളിലൂടെ
ഊറിയിറങ്ങുന്നതോ?
മഴുവിനു മുന്നില്‍ മരത്തെ പുണരുന്നതോ?
സൂര്യതാപമേറ്റ് മഞ്ഞുരുകുന്നതു പോലെ
അതുള്ളിടത്ത് വിഷാദം ഇല്ലാതാകുമോ?
നിഷ്ക്കളങ്കനല്ലാത്ത എനിയ്ക്കുതെങ്ങനെ
നിര്‍വ്വചിയ്ക്കാനാകും?

(൧൯൯൯/1999)

നിറങ്ങള്‍

പച്ച.
നിറഞ്ഞ സ്നേഹമാണ്,
കണ്ണുകള്‍ക്കു കുളിരും
മനസ്സിനു നിറവിന്റെ നിശബ്ദതയും...
മെല്ലെപ്പടരുന്ന സാന്ത്വനത്തിന്റെ തണുപ്പ്.

ചെമപ്പ്.
പച്ചയ്ക്കു പൂരകം.
പതഞ്ഞുയരുന്ന രോഷമാണെനിക്ക്, ചെമപ്പ്.
വിശപ്പിന്റെ അഗ്നി,
വേനലിന്റെ ചൂട്...

നീല.
അനന്തതയുടെ അറിവ്...
അലയിളക്കുന്ന പ്രേമം.
സ്നേഹാര്‍ദ്രനാകുന്ന എന്റെ ഹൃദയത്തില്‍,
നീല.

മഞ്ഞ.
കൊഴിയുന്ന മോഹങ്ങളുടെയും
വിരിയുന്ന വസന്തത്തിന്റെയും തുടുപ്പ്...!
പ്രതീക്ഷ, വിഷാദവും!

കറുപ്പ്.

രാത്രിയുടെ നിഷ്ക്കളങ്കത.
എല്ലാം അടക്കുന്ന കിതപ്പ്.
വെളിച്ചത്തിനുള്ള ദാഹം.
കാമത്തിന്റെ പതര്‍ച്ച.

വെളുപ്പ്.
സ്നിഗ്ദ്ധമായ സൗന്ദര്യം...
നിര്‍മ്മലം, പക്ഷേ,
മുഖംമൂടികള്‍ക്കുമിതേ നിറം!

(൧൯൯൮/1998)

Thursday, July 23, 2009

കടല്‍, കാറ്റ്, ഞാന്‍.

കടല്‍ത്തീരത്ത് ഞാന്‍...!
ചുറ്റും, സാന്ദ്രസംഗീതമായ് കാറ്റ്.., കടലെന്‍ മുന്നില്‍...,
നിസ്വനായ് നില്‍ക്കുമെന്‍ കാതില്‍,
ശാന്തിവര്‍ഷമായ് മൊഴിയുന്നു കാറ്റ്:
"വരൂ...,
വെറുതേ പകച്ചുനില്‍ക്കാതെയി-
പ്പൊന്‍മണല്‍ത്തീരം കടന്ന്,
വെണ്‍പതയുമായെത്തുന്ന തിരകളെപ്പുല്‍കി,
നിലാരാവുകളിലിന്ദ്രനീലം തിളങ്ങുന്ന
കടലിന്റെ വശ്യസംഗീതത്തിലേയ്ക്ക്,
മെല്ലെയിറങ്ങാം..."
സന്ധ്യകളില്‍,
സൂര്യന്റെ സൗവര്‍ണ്ണചേതനകളെത്തേടി
ആകാശത്തിന്റെ ചാരുതയെ മുത്തുന്ന
ആഴിയുടെ ചുണ്ടുകള്‍ തിരഞ്ഞ്,
നീയിതുവരെക്കാണാത്ത സ്വര്‍ഗ്ഗ്ത്തിന്നരികുകളിലേയ്ക്ക്
പാറിപ്പോകാം...!
നിര്‍മലാത്മാക്കള്‍ തന്‍ തുമ്പിച്ചിറകുകളില്‍
വര്‍ണ്ണസ്വപ്നങ്ങളായ് മാറാം..., വരൂ,
കടലതാ വിളിക്കുന്നു നമ്മളെ...
അവിടെ,
കടലിന്റെ നെഞ്ചില്‍,
കടല്‍പോലെ ശാന്തിയുണ്ട്,
കടല്‍പോലെ സ്നേഹവും,
കവിതയും,പിന്നെ
കടലിന്റെ നിത്യസംഗീതവും,
മെല്ലെത്തലോടാന്‍ ഞാന്‍, ഈ
സ്നേഹാര്‍ദ്രനായ കാറ്റും!
നിന്നെയൊരു മേഘമായ് മാറ്റാം,
മെല്ലെ,ത്താരാട്ടുതൊട്ടിലിലുറക്കാം.
നീയെന്നിലലിഞ്ഞ്, സ്നേഹത്തിന്റെ തുള്ളികളായി
കടലില്‍ വീഴുമ്പോള്‍,
നീയും ഞാനും, ഈ കടലുമൊന്ന്,
ഒരേ പ്രപഞ്ചത്തിന്റെ സംഗീതതാളങ്ങള്‍!
വരൂ...,"
ആര്‍ദ്രമായ് മൊഴിയുന്നു കാറ്റ്.
"നമുക്കൊപ്പമീ പ്രപഞ്ചത്തെയറിയാം."

31-12-1998, കൊളാവിപ്പാലം കടപ്പുറം.

Thursday, July 16, 2009

നീയും ഞാനും

വെറുതേ ജീവിച്ചു മരിക്കാനോ?
ചിന്തകള്‍ പോലും പാകാതെ,
കിളിര്‍പ്പിക്കാതെ,
നനയ്ക്കാതെ, വളര്‍ത്താതെ, കൊയ്യാതെ,
ഞാന്‍... ഈ ഞാനെന്ന ഭാവത്തിന്‍ തല കൊയ്യാതെ,
വെറുതേ, വെറുതേ കടന്നുപോകാനോ?
ചിന്തകള്‍ പാകാനോ..?
എവിടെ? ഈ ഊഷരമായ ഭൂമിയിലോ...?
പൊടിപ്പുകളെയെല്ലാം സ്വാര്‍ത്ഥതയുടെ നഖങ്ങള്‍ കൊണ്ട്
നുള്ളിക്കളഞ്ഞ് , പുഴകളെ തടഞ്ഞ്, വറ്റിച്ച്,
'കഷ്ടപ്പെട്ട്' ഞാനുണ്ടാക്കിയ ഈ മരുഭൂവിലോ...?

...
ഊഷരമാണീ ഭൂമി...,
സമ്മതിക്കുന്നു..., പക്ഷേ,
നീ അറിയുന്നില്ലേ...?,ഇവിടെ,
ഒരു ആര്‍ദ്രത...?
ചിന്തകളെ ചുറ്റും പടര്‍ത്തുക.., ഈ
ആര്‍ദ്രതയില്‍ നിന്നു ഊര്‍ജ്ജം വലിച്ചെടുത്ത്,
ആകാശത്തോളം അവയെ ഉയര്‍ത്തുക...
അങ്ങിങ്ങ് പാറിനടക്കുന്ന കൊച്ചു
കരിമേഘത്തുണ്ടുകളെ തടഞ്ഞുനിര്‍ത്തുക...
അവ കനിയാതിരിക്കില്ല..,
പുതുമഴ പെയ്യാതിരിക്കില്ല...
മണ്ണു ജീവിയ്ക്കാതിരിക്കില്ല...,
നിന്നെ ജീവിപ്പിയ്ക്കാതിരിക്കില്ല...!

Sunday, June 21, 2009

മോക്ഷം

ഏതോ വര്‍ഷപാതത്തില്‍
കുത്തിയൊലിച്ചുപോയ ഒരു കരിയില...
അതിന്റെ ദുര്‍ബലമായ ഉടലില്‍
വീണ തുളകളില്‍ക്കൂടി,
നഗ്നമായ ഞരമ്പുകളെ വല്ലാതെ
വേദനിപ്പിച്ചുകൊണ്ട് ആ ജലപ്രവാഹം.
എന്തൊരു തീവ്രമായ വേദനയായിരിക്കുമത്!
ഏതോ പേരറിയാത്ത് ലക്ഷ്യമെത്തുമ്പോഴേയ്ക്കും
ചിന്നിച്ചിതറിയ ഒരു ശരീരവും,
പക്ഷേ, നദിയില്‍ ലയിച്ചുചേര്‍ന്ന ഒരു മനസ്സും...
ഒരായിരം സൂക്ഷ്മജീവനു ഭക്ഷണമായി,
ഒരു പ്രപഞ്ചസത്യത്തിന്റെ സാക്ഷാത്ക്കാരം.

Friday, February 27, 2009

വിളക്ക്

വിളക്ക് ...,
വഴിയാത്രികനെ പ്രതീക്ഷിച്ചു നിന്നു ...
വന്നത് ഒരു കള്ളനായിരുന്നു...
അയാള്‍ വിളക്ക് എറിഞ്ഞുടച്ചു.

മലയാളമേ....

വളരെനാള്‍ ഞാന്‍ മടിച്ചു നിന്നു ...
വെറുതെ എന്തിന് ഒരു സാഹസം എന്ന് കരുതി.