തുലാമഴ പെയ്തൊഴിഞ്ഞ ഒരു സായാഹ്നത്തില്‍,
പച്ചച്ച ചതുപ്പിന്റെ ഓരം പറ്റി,
അവര്‍ നില്‍പ്പുണ്ടായിരുന്നു,
അവരുടെ ചിറകുകള്‍ക്ക് വെളുപ്പുനിറമായിരുന്നു..,
നിര്‍മലമായ മനസ്സിന്റെ വെളുപ്പ്.
അവരുടെ ചുണ്ടുകള്‍ക്ക് വസന്തത്തിന്റെ നിറവും,
കണ്ണുകളില്‍ സന്തോഷത്തിന്റെ നിറവുമായിരുന്നു.
വരമ്പത്ത് പൂത്തുനിന്നത് അവരുടെ മോഹങ്ങളും
പച്ചത്തുള്ളന്മാരൊത്തു ചാടിക്കളിച്ചത്
അവരുടെ സ്വപ്നങ്ങളുമായിരുന്നു.
പാടത്ത് വറ്റാതെ കിടന്നത് അവരുടെ പ്രതീക്ഷകള്‍...,
വെള്ളത്തില്‍ തുള്ളികളിച്ചത് അവരുടെ വര്‍ത്തമാനവും,
ആകാശത്ത് പരന്നുകിടന്നത് അവരുടെ ഭാവിയും,
മണ്ണിലേയ്ക്ക് കിനിഞ്ഞിറങ്ങിയത് സ്നേഹത്തിന്റെ തുള്ളികളും.
അവര്‍ പറന്നപ്പോള്‍ വാനം പുളകം കൊള്ളുന്നത്,
അവരിറങ്ങുമ്പോള്‍ മണ്ണു നാണിക്കുന്നത്,
അവര്‍ കലമ്പുമ്പോള്‍ കാറ്റും പാടുന്നത്,
ഞാനറിയുന്നു.
എന്നിട്ടുമെന്തേ, എന്റെ കണ്‍കോണുകളില്‍
ഒരു നനവ്...?
10-11-1998., കോഴിക്കോട്.