നിര്‍മ്മലമായ സ്നേഹം എന്താണ്
കവികള്‍ അതിനെ
തെളിനീരൊഴുകുന്ന അരുവിയായും
നീല പടര്‍ന്നുകിടക്കുന്ന ആകാശമായും
കൊക്കുരുമ്മുന്ന ഇണക്കിളികളായും
സങ്കല്‍പ്പിച്ചേക്കാം.
അത്,
മുലപ്പാല്‍ പോലെ സ്വാദുറ്റതും
കണ്ണീര്‍പോലെ തെളിഞ്ഞതും ആകാം.
സൂര്യനെപ്പോലെ പ്രകാശിക്കുന്നതും
പൂവിനെപ്പോലെ ചിരിയ്ക്കുന്നതും ആകാം.
നിര്‍മ്മലമായ സ്നേഹം എന്താണ്?
ജനിതകശാസ്ത്രജ്ഞന്, താന്‍ ക്ലോണ്‍ ചെയ്തെടുത്ത
ആട്ടിന്‍കുട്ടിയോട് അതുണ്ടാകുമോ?
ഇലയറുത്ത് നദിയിലേയ്ക്കിട്ട് ഉറുമ്പിനെ രക്ഷിച്ച
പ്രാവിന് അതറിയാം, ഒരുപക്ഷേ...?
ശില്‍പ്പിയുടെ ശിരച്ഛേദം നടത്തി പ്രണയിനിയ്ക്ക്
ശവകുടീരം തീര്‍ത്ത ഷാജഹാന്, പക്ഷേ
അതറിയാന്‍ വഴിയില്ല!
പ്രിയതമയുടെ ശിരസ്സുകണ്ട് പോര്‍ക്കളത്തിലിറങ്ങിയ
രജപുത്രന്...?
നിര്‍മ്മലമായ സ്നേഹം...,
അത്,
അമ്മക്കിളിയുടെ കൊക്കുകളിലൂടെ
ഊറിയിറങ്ങുന്നതോ?
മഴുവിനു മുന്നില്‍ മരത്തെ പുണരുന്നതോ?
സൂര്യതാപമേറ്റ് മഞ്ഞുരുകുന്നതു പോലെ
അതുള്ളിടത്ത് വിഷാദം ഇല്ലാതാകുമോ?
നിഷ്ക്കളങ്കനല്ലാത്ത എനിയ്ക്കുതെങ്ങനെ
നിര്‍വ്വചിയ്ക്കാനാകും?
(൧൯൯൯/1999)
Friday, August 21, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment