തിരിച്ചുവരുമ്പോള്‍
കണ്‍കളില്‍, നേര്‍ത്തുപടര്‍ന്നൊരു
തിമിരം പച്ചപ്പിന്‍ കാഴ്ചകള്‍ മറയ്ക്കവെ,
കാതുകള്‍, യന്ത്രശബ്ദങ്ങള്‍ക്കിടയില്‍ ഞെരുങ്ങിയ
സംഗീതമറിയാതെയാകവെ,
നാവുറക്കെ പ്രാര്‍ത്ഥന ചൊല്ലാനറിയാതെ
മരവിച്ചു, വായില്‍ത്തളര്‍ന്നുകിടക്കവെ,
കാല്‍കള്‍, നനുത്ത നാട്ടുവഴികള്‍തന്‍
സാന്ത്വനം വിട്ടു തീപ്പാതകള്‍ തേടവെ,
പൂവിന്‍കുരുന്നുകളെ,ന്റെയീകൈകളില്‍
ശ്വാസം കുരുങ്ങിപ്പിടഞ്ഞു മരിയ്ക്കവെ,
മനസ്സിലൊരാത്മഹത്യാമുനമ്പില്‍,
നിശ്ചേതനായ് നില്‍ക്കെ, ഒരു രവം!
ഒരു മന്ദ്രസംഗീതസുസ്വനം, പിന്നിലുയരുന്നു...
"വരിക, തിരിച്ചു നീ, ജീവിയ്ക്കുവാന്‍!",
പിറകില്‍ വിളിക്കുന്നൊരിയ്ക്കല്‍ ഞാന്‍ കണ്ടു-
മറന്ന രാക്കിനാക്കള്‍,പറയുന്നൊ-
"രുനാളില്‍ ഞങ്ങള്‍ സഫലമാകും...!"
നിലാവിന്‍ കുളിരു പുതച്ച നാട്ടുവഴിയിലൂടൊറ്റയ്ക്കു
മെല്ലെ നടക്കുന്ന നേരം,
ഇലകളില്‍, മദഗന്ധമുണരുന്ന രാപ്പൂക്കളില്‍,
തുളുമ്പിക്കിടക്കുന്ന, (പണ്ടു ഞാനെവിടെയോ
കളഞ്ഞെന്നു കരുതിയ)
കവിതയുടെ വരികളുമെന്നോടു ചൊല്ലുന്നു,
"വരിക, തിരികെ നീ ജീവിയ്ക്കുവാന്‍!"
കനവിന്നിളം തണ്ടുകളില്‍ മധുവുണ്ടു
മത്തരായ് മയങ്ങുന്ന ചിത്രശലഭങ്ങള്‍
ഞെട്ടിയുണര്‍ന്നു പറയുന്നു "വരിക,
തിരികെ നീ ജീവിയ്ക്കുവാന്‍!"
ഓര്‍മ്മകളിലെങ്ങോ, ഒരുത്സവരാത്രിയില്‍
പ്പതിയെ, നിലാവൂറ്റി മധുവാക്കി,യെന്നെ മയക്കിയ
കഥകളിപ്പദവും വിളിക്കുന്നു, "വരികെ,ത്തിരിച്ചു നീ
ജീവിയ്ക്കുവാന്‍!"
നടന്നുമറഞ്ഞൊരു കാട്ടുവഴിയ്ക്കിടം ചേര്‍ന്നുനിന്നൊരു
മുളന്തണ്ടില്‍ക്കാറ്റൂതിയ രാഗമെന്‍ നെഞ്ചൂരുക്കി-
ക്കേഴുന്നു, "വരികിവിടേയ്ക്കു നീ ജീവിയ്ക്കുവാന്‍!"
പാതിതകര്‍ന്ന മണല്‍വീട്,
തീരത്തിലാലസ്യമാര്‍ന്നു കിടക്കുന്ന തോണി,
ഹൃദയത്തില്‍ രക്തമലയ്ക്കുന്ന പോലെ കടല്‍,
എല്ലാം, ഒരേ താളത്തിലാര്‍ദ്രമായ് ച്ചൊല്ലുന്നു, "വരിക നീ!"
(൨൦൦൮/2008 ..Life is calling എന്ന ഒരു പരസ്യം).
Subscribe to:
Post Comments (Atom)
No comments:
Post a Comment